Sunday, August 15, 2010

ഇതാ ഇന്ത്യന്‍ സൈന്യം വരുന്നൂ... ഹാക്കര്‍മാര്‍ ജാഗ്രതെ..!!

പ്രതിവര്‍ഷം രണ്ടേമുക്കാല്‍ ലക്ഷത്തോളം ഐടി വിദഗ്ധരെ സൃഷ്ടിച്ചിറക്കുന്ന ഇന്ത്യ, പാകിസ്താന്റേയും ചൈനയുടേയുമൊക്കെ സൈബര്‍ ആക്രമണത്തില്‍ ഗതിമുട്ടുന്നു എന്നത് അവിശ്വസനീയമായി തോന്നാം. ഇന്ത്യയുടെ പ്രതിരോധരംഗത്തെ കംപ്യൂട്ടര്‍ ശൃംഗലയില്‍ അതിക്രമിച്ചു കയറി മിസൈല്‍ സാങ്കേതികവിദ്യാ രഹസ്യവിവരങ്ങള്‍ വരെ കമ്പ്യൂട്ടര്‍ ഭേദകര്‍ (ഹാക്കര്‍മാര്‍) ചോര്‍ത്തി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയോടെ സ്വന്തമായ സൈബര്‍ സേന രൂപീകരിക്കാന്‍ ഇന്ത്യ തയ്യാറായിരിക്കുന്നത്. കഴിഞ്ഞ മാസാവസാനം ഇന്റലിജന്‍സ് ബ്യൂറോ, ഐ ടി മന്ത്രാലയം, ടെലികോം വകുപ്പ് തുടങ്ങിയവയുമായി ദേശീയ സെക്യൂരിറ്റി ഉപദേഷ്ടാവ് നടത്തിയ ചര്‍ച്ചയിലാണ് സൈബര്‍സേനക്ക് രൂപംനല്‍കാന്‍ തീരുമാനമായത്.

നമ്മുടെ സ്വന്തം സോഫ്റ്റ്‌വേര്‍ വിദഗ്ധരെയും എത്തിക്കല്‍ ഹാക്കര്‍മാരെയുമൊക്കെ ഉള്‍പ്പെടുത്തിയായിരിക്കും സേന രൂപീകരിക്കുക. നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനും (എന്‍.ടി.ആര്‍.ഒ) ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിക്കും സംയുക്തമായാണ് സൈബര്‍സേനയുടെ ചുമതല. സാങ്കേതിക വൈദഗ്ധ്യം എന്‍. ടി. ആര്‍. ഒയും കര-വ്യോമ-നാവിക സേനകളില്‍ നിന്നുള്ള രഹസ്യവിവരങ്ങള്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയും നല്‍കും. ഒപ്പം നമ്മുടെ ഐടി മേഖലയുടെ ബുദ്ധിയും എത്തിക്കല്‍ ഹാക്കര്‍മാരുടെ കൗശലവും കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ സൈബര്‍സേന തയ്യാര്‍.

മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതും രണ്ടു ലക്ഷം രൂപ വരെ പിഴയീടാക്കാവുന്നതുമായ കുറ്റമാണ് കമ്പ്യൂട്ടര്‍ ഭേദനം. അതുതന്നെയാണ് ഇന്ത്യക്കു മുന്നില്‍ ഇത്തരമൊരു സംഘടന രൂപീകരിക്കാനുള്ള തടസ്സവും. നിയമവിരുദ്ധമായതിനാല്‍ സേനാംഗങ്ങള്‍ക്ക് നിയമപരിരക്ഷ ഉറപ്പുവരുത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് എന്‍. ടി. ആര്‍. ഒ. ഇപ്പോള്‍. നല്ല കാര്യങ്ങള്‍ക്കുവേണ്ടിയുള്ള കമ്പ്യൂട്ടര്‍ ഭേദനം (എത്തിക്കല്‍ ഹാക്കിംഗ്) എന്ന രീതിയില്‍ ഐടി ആക്ടില്‍ ഭേദഗതി വരുത്താനാണ് ശ്രമം.

വിവരങ്ങള്‍ ഇവിടെ വായിക്കാം

No comments: